പര്‍വ്വതങ്ങള്‍

സഫ- മര്‍വ കുന്നുകള്‍

ഇബ്രാഹിം നബി(അ)യുടെ ഭാര്യ ഹാജറ ബീവി അനുഭവിച്ച ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും സ്മരണയാണ്‌ സഫ-മർവ മലകൾക്കുള്ളത്. ഹജ്ജിന്റെയും ഉമ്രയുടെയും ചടങ്ങുകളിൽ ഒന്നാണ് ഈ രണ്ടു മലകൾക്കിടയിലൂടെയുള്ള ഏഴു പ്രാവശ്യം നടത്തം. മരുഭൂമിയിൽ ദാഹിച്ച് മരണത്തോടടുത്ത തന്റെ മകൻ ഇസ്മായിലിനായി വെള്ളം തേടി ഇബ്രാഹിം നബി(അ)യുടെ പത്നി ഹാജറ സഫ-മർ‌വ എന്നീ മലഞ്ചെരുവുകൾക്കിടയിൽ ഏഴുപ്രാവശ്യം ഓടി. അന്ന് മക്ക ജലംലഭ്യമല്ലാത്ത കൃഷിയും കായ്കനികളുമില്ലാത്ത വിജനമായ വരണ്ട പ്രദേശമായിരുന്നു. മരുഭൂമിയിലെ അത്ഭുതപ്രവാഹമായ സംസം എന്ന പുണ്യജലം പിറവിയെടുത്തതു അവിടെയാണ്. ആ സംഭവത്തെ ഓർക്കുന്നതാണ് രണ്ടു മലകൾക്കിടയിലൂടെയുള്ള നടത്തം. ഹജ്ജിലും ഉമ്രയിലും നിർബന്ധമായ ഈ കർമ്മത്തെ സ‌അയ് (തേടൽ /അന്വേഷിക്കൽ) എന്നാണ്‌ പറയുന്നത്. തിരക്ക് കുറക്കുന്നതിനു വേണ്ടി ഇവിടെ രണ്ടു മലകൾക്കിടയിലും പ്രത്യേക നടപ്പാത ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇപ്പോൾ സഫ-മർവ വികസന പദ്ധതിക്ക് കീഴിൽ ലിഫ്റ്റ് സൗകര്യം, ഇലക്ട്രിക് കോണികൾ, പുറത്തേക്ക് കടക്കാൻ പാലങ്ങൾ, ഉന്തുവണ്ടികൾക്ക് പ്രത്യേക പാത, എയർ കണ്ടിഷനിങ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.









___________________________________________________

ജബൽ നൂർ (നൂര്‍ പര്‍വ്വതം)




മക്ക നഗര ഹൃദയത്തിൽ നിന്നും ഏകദേശം അഞ്ചു കിലോ മീറ്റർ അകലെയാണ് ജബലുന്നൂർ (നൂർ പർവതം). മക്കയുടെ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന ജബൽനൂറിന് 642 മീറ്റർ ഉയരമുണ്ട്. വളരെ ചെരിഞ്ഞ് നിൽക്കുന്ന ഈ മലയുടെ ഏറ്റവും മുകളിലാണ് ഹിറാ ഗുഹ. ജബലുന്നൂർ പർവതത്തിന്റെ മുകളിലുള്ള ഹിറ ഗുഹയിൽ ഏകനായി ധ്യാനത്തിലിരിക്കുന്ന സമയത്താണ് മുഹമ്മദ്‌ നബി(സ) ക്ക് ജിബ്രീൽ എന്ന മലക്ക്  പ്രത്യക്ഷപ്പെട്ടു ദിവ്യ സന്ദേശം കൈ മാറിയത്. വായിക്കുക എന്നതിന്റെ അറബി ഉച്ചാരണമായ 'ഇഖ്റഅ്' എന്നാണ് അവിടെ വച്ച് ആദ്യമായി നൽകിയ സന്ദേശം. ഈ  വായിക്കുക എന്ന സന്ദേശമാണ് ജബൽ നൂർ (പ്രകാശം പരത്തുന്ന പർവതം) എന്ന പേര് ഈ പർവതത്തിനു വരാൻ കാരണം.




ഹിറാ ഗുഹ
 
 ___________________________________________________


ജബല്‍ അറഫ (ജബല്‍ റഹ്മ)

ഉറച്ച പാറകൾ ഉൾക്കൊള്ളുന്ന ജബൽ റഹ്മ എന്ന ചെറിയ കുന്ന് അറഫയുടെ കിഴക്കുഭാഗത്ത് ആണ് നില കൊള്ളുന്നത്‌. മസ്ജിദു നമിറ കഴിഞ്ഞാൻ അറഫയിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് ജബലുറഹ്മ. കാരുണ്യത്തിന്റെ മലയെന്നറിയപ്പെടുന്ന ജബൽ റഹ്മ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് സാക്ഷിയായി നില കൊള്ളുന്നു. ജബൽ റഹ്മയുടെ കിഴക്ക് ഭാഗത്ത് മുകളിലേക്കു കയറുവാനുള്ള കൽപ്പടവുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതിൽ അറുപതാമത്തെ പടി ഒരു പ്രസംഗപീഠമാകുന്നു. ഏകദേശം 70 മീറററോളം ഉയരവും 200 മീറ്റർ ചുറ്റളവുമുണ്ട് ഈ പർവതത്തിന്പടിഞ്ഞാറുഭാഗത്ത് 100 മീറ്ററും കിഴക്കുവശത്ത് 170 മീറ്ററുമാണ് വീതി. ആകെ വിസ്തീർണം 240 ച.മീറ്റർ ആണ്. ഇവിടെ വെച്ചാണ് പ്രവാചകൻ മുഹമ്മദ് നബി(സ)  ചരിത്രപ്രസിദ്ധമായ തന്റെ ഖുതുബത്തുല്‍ വിദാഅ്‌ (വിടവാങ്ങല്‍ പ്രസംഗം) നിര്‍വഹിച്ചത് . ഇതിനെ അനുസ്മരിച്ചു കൊണ്ടാണ് ഹജ്ജിനോടനുബന്ധിച്ചു അറഫയിലെ നമിറ മസ്ജിദിൽ ഹജജ് പ്രഭാഷണം നടത്തുന്നത്. കാരുണ്യത്തിന്റെ മല (ജബലുൽറഹ്മ) പ്രാർഥനയുടെ മല (ജബലുദുആ) പാശ്ചത്താപത്തിന്റെ മല (ജബലുത്തൗബ) എന്നീ പേരുകളിൽ ഈ മല അറിയപ്പെടുന്നു. ഇസ്ലാമിന്റെ ആദ്യ ദശകങ്ങളിൽ ഇവിടെ ധാരാളം കിണറുകളും വീടുകളും നിർമ്മിച്ചതായും കൃഷി ചെയ്തതായും പറയപ്പെടുന്നു.