ജംറ

ജംറയില്‍ കല്ലെറിയല്‍ ഹജ്ജിന്റെ നിര്‍ബന്ധഘടകങ്ങളില്‍പെട്ടതാണ്. എന്നാല്‍ അത് നിര്‍വ്വഹിക്കുന്നതില്‍ വരുന്ന വീഴ്ച്ച ബലികൊണ്ട് മായ്ക്കപ്പെടും. മിനയിലാണ് ജംറകള്‍ സ്ഥിതിചെയ്യുന്നത്. പെരുന്നാള്‍ ദിവസം ഒരു സ്ഥലത്ത് മാത്രമാണ് എറിയേണ്ടത്. മൂന്ന് സ്ഥലത്തും കൂടി അന്ന് എറിയാന്‍ പാടില്ല. ഹജ്ജില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന സ്ഥലമാണ് ജംറ. പരിമിതമായ സമയത്തിനുള്ളില്‍ കര്‍മ്മം അനുഷ്ഠിച്ച് തീര്‍ക്കാനുള്ള വ്യഗ്രതയാണ് അപകടങ്ങളിലേക്ക് എത്തിക്കുന്നത്. തല്‍സംബന്ധമായി ഉദ്ദരിക്കപ്പെട്ട ഹദീസുകളെ ശരിയാംവണ്ണം മനസ്സിലാക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. നബി(സ) ജംറയില്‍ കല്ലെറിഞ്ഞത് ഉച്ചതിരിഞ്ഞതിനും അസ്തമനത്തിനും ഇടക്കാണെന്ന് ഹദീസുകളില്‍ വന്നു എന്നത്‌കൊണ്ട് അതിനു മുമ്പോ ശേഷമോ എറിയുന്നതില്‍ നബി(സ) വിലക്കിയിട്ടില്ലാത്തതിനാല്‍ വിരോധമൊന്നുമില്ലെന്ന ആധുനിക പണ്ഡിതന്മാരുടെ അഭിപ്രായത്തിനാണു ഇപ്പോള്‍ കൂടുതല്‍ പ്രബലത. ഇബ്‌നു ഉമറിനെപ്പോലെയുള്ള സ്വഹാബികള്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിനം വരെ എറിയാമെന്ന അഭിപ്രായക്കാരാണ്.

പ്രയാസമുള്ള ആളുകള്‍ക്ക് പകരമായി മറ്റുള്ളവര്‍ കല്ല് എറിഞ്ഞാലും കര്‍മ്മം സാധുവാകും. ജാബിര്‍(റ)പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ ഹജ്ജ് നിര്‍വഹിച്ചു.ഞങ്ങളുടെ കൂടെ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി തല്‍ബിയത്ത് ചൊല്ലുകയും അവര്‍ക്ക് വേണ്ടി എറിയുകയും ചെയ്തിരുന്നു. 

പെരുന്നാളിന് എറിയേണ്ട സ്ഥലത്തിനു ജംറതുല്‍ അഖബ എന്നുപറയുന്നു. ജംറതുല്‍ കുബ്റാ എന്നും ഇതിനു പേരുണ്ട്. മുസ്ദലിഫയില്‍നിന്ന് വരുമ്പോള്‍ ആദ്യം ദൃഷ്ടിയില്‍പെടുന്നത് ജംറതുല്‍ ഊലയാണ്. പെരുന്നാള്‍ ദിവസം ഇവിടെ എറിയരുത്. പിന്നീട് കാണുന്നതിന് ജംറതുല്‍ വുസ്ത്വാ എന്ന പേര്‍. ഇവിടെയും അന്ന് ഏറില്ല. മൂന്നാമത് സ്ഥിതിചെയ്യുന്നതാണ് ജംറതുല്‍ അഖബ. ഹറം ഭാഗത്ത് നിന്ന് വരുമ്പോള്‍ ആദ്യമായി അതാണ് കാണുക. ഇവിടെയാണ് പെരുന്നാള്‍ ദിവസം എറിയേണ്ടത്.



ഏറിന്റെ സമയം 
---------------------------
പെരുന്നാള്‍ രാവിന്റെ അര്‍ധരാത്രി മുതല്‍ ഏറിന്റെ സമയം പ്രവേശിക്കുന്നതാണ്. അയ്യാമുത്തശ്രീഖ് അഥവാ മൂന്നാം പെരുന്നാള്‍ അസ്തമയം വരെ എറിയാനുള്ള സമയമാണ്. പെരുന്നാള്‍ ദിനം സൂര്യന്‍ ഉദിച്ചത് മുതല്‍ മധ്യത്തില്‍ നിന്ന് നീങ്ങുന്നത് വരെയുള്ള സമയമാണ് ഏറ്റവും ശ്രേഷ്ഠം. പെരുന്നാള്‍ ദിവസം എറിഞ്ഞില്ലെങ്കില്‍ ഒരു കുറ്റവുമില്ല. അയ്യാമുത്തശ്രീഖിന്റെ ഏ തുദിവസം എറിഞ്ഞാലും മതി. ഖള്വാ ആവുകയില്ല. പെരുന്നാള്‍ ദിവസം സൂര്യാസ്തമയത്തിനുമുമ്പ് എറിയാന്‍ സാധിച്ചാല്‍ ഉത്തമസമയം ലഭിച്ചു.

മുസ്ദലിഫയില്‍ നിന്ന് ജംറയിലെത്തുമ്പോള്‍ എറിയാന്‍ പ്രയാസമുളള സമയമായാല്‍ മിനയിലെ തമ്പിലേക്ക് മടങ്ങി അവിടെ താമസിക്കുക. രാത്രിയോ മറ്റോ തിരക്കില്ലാത്ത സമയം നോ ക്കി എറിയാം. പെരുന്നാള്‍ ദിവസത്തെ ഏറ് രാവിലെതന്നെ നിര്‍വഹിക്കല്‍ നിര്‍ബന്ധമാണെന്ന ധാരണ പലര്‍ക്കുമുണ്ട്. അത് ശരിയല്ല.

എറിയേണ്ട രൂപം
--------------------------
പെരുന്നാള്‍ ദിനത്തിലെ നിര്‍ബന്ധമായ ഏറ് ജംറതുല്‍ അഖബയിലാണെന്ന് പറഞ്ഞു. മറ്റു രണ്ട് ജംറകളിലാകാതെ, ജംറ അഖബയാണെന് ഉറപ്പുവരുത്തി അടുത്തെത്തിയാല്‍ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടാതെ ഏറില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

ഏറിന്റെ നിബന്ധകള്‍
--------------------------------- 
ഏഴു കല്ലുകള്‍ ഏഴുതവണകളായി നിശ്ചിത സ്ഥലത്ത് എറിയല്‍ നിര്‍ബന്ധമാണ്. എറിയുന്നതിനു പകരം കല്ലുകള്‍ ജംറയില്‍ വെച്ചാല്‍ മതിയാവുകയില്ല. ഏഴുംകൂടി ഒരുമിച്ചെറിഞ്ഞാലും ശരിയാകില്ല.

ജംറയുടെ വളച്ചുകെട്ടിയ ചെറിയ ചുവരിന്റെ ഉള്ളാണ് നിശ്ചിത സ്ഥലം. എറിയുമ്പോള്‍ അ തിന്റെ നടുവിലുള്ള തൂണോ ചുറ്റുമുള്ള ചുവരോ ലക്ഷ്യം വെക്കരുത്. എറിഞ്ഞ കല്ല് യഥാസ്ഥാനത്ത് എത്തിയോ എന്ന് സംശയിച്ചാല്‍ അത് മടക്കി എറിയണം. കുഴിയില്‍ നിറഞ്ഞുകിടക്കുന്ന കല്ലുകളിലേക്ക് എറിയുന്നത് കൊണ്ടും എറിഞ്ഞ സ്ഥലത്തുനിന്ന് കല്ല് ഉരുണ്ട് പുറത്തേക്ക് പോയാലും കുഴപ്പമില്ല.

ജംറതുല്‍ അഖബയില്‍ പെരുന്നാള്‍ ദിവസം എറിയാത്തവര്‍ അടുത്ത ദിവസം എറിയുമ്പോള്‍ പ്രസ്തുത ഏറ്, അന്നത്തെ ദിവസത്തെ ഏറിനു മുമ്പ് നിര്‍വഹിക്കേണ്ടതാണ്. ഇങ്ങനെ അയ്യാമുത്തശ്രീഖിന്റെ അവസാന സമയം വരെ നീട്ടിക്കൊണ്ട് പോകുന്നതിനു വിരോധമില്ല. ഏറുകള്‍ ക്രമപ്രകാരം നിര്‍വഹിക്കണമെന്നതു നിയമമാണ്.

ഇനിപെരുന്നാള്‍ ദിവസം എറിയാതെ ഒരാള്‍ ഹറമിലേക്ക് ചെന്ന് ഹജ്ജിന്റെ ത്വവാഫും, സഅ്യ് ചെയ്തിട്ടില്ലെങ്കില്‍ അതും ചെയ്താല്‍ മുടി എടുക്കാവുന്നതും ഒന്നാം വിരാമം ലഭിക്കുന്നതുമാണ്. കല്ലെറിയല്‍ പിന്നീട് നിര്‍വഹിച്ചാല്‍ മതി. അയ്യാമുത്തശ്രീഖിന്റെ മൂന്ന് ദിവസങ്ങളിലും എറിഞ്ഞില്ലെങ്കില്‍ ഏറിന്റെ സമയം നഷ്ടപ്പെടുന്നതാണ്. പിന്നീട് എറിയലില്ല. ഏറ് ഒഴിച്ചതിനുള്ള ഫിദ്യ നിര്‍ബന്ധമാകുന്നതാണ്.